തിരുവനന്തപുരം : ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി വർക്കല പാപനാശം ബീച്ചിനെ ലോൺലി പ്ലാനറ്റ് മാഗസിൻ തെരഞ്ഞെടുത്തു. സഞ്ചാരികളുടെ ബൈബിളെന്ന് അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിലാണ് പാപനാശം ബീച്ചിനെ ഉൾപ്പെടുത്തിയത്. ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ ബീച്ചുകൾ.
ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിനോദസഞ്ചാര വകുപ്പ് വർക്കലയിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികൾക്ക് ആവേശം പകരുന്നതാണ് ഈ നേട്ടം. തിരുവനന്തപുരത്തുനിന്ന് 45 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന വർക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം ഉൾപ്പെടുന്ന പ്രധാന തീർഥാടന കേന്ദ്രംകൂടിയാണ് വർക്കല.
ലോകോത്തര സൗകര്യങ്ങൾ
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞർക്കിടയിൽ “വർക്കല രൂപവൽക്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകൾ ഉൾപ്പെട്ട ഭൂഗർഭ സ്മാരകം പാപനാശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. മികച്ച പ്രകൃതി -ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെൽനസ് ടൂറിസം കേന്ദ്രമായും വർക്കല അറിയപ്പെടുന്നു.
പാരാസെയിലിങ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും വർക്കലയിൽ അവസരം ലഭിക്കും. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച് 29, 30, 31 തീയതികളിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനും വർക്കല വേദിയാകും. കഴിഞ്ഞ ഡിസംബറിൽ ഫ്ലോട്ടിങ് ബ്രിഡ്ജും സ്ഥാപിച്ചിട്ടുണ്ട്.