തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക.
രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ട്രയൽ റണ്‍ വിജയകരമാണ് . തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏഴര മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 4:05ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിന്‍ രാത്രി 11:35ന് കാസര്‍കോട് എത്തി.
ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച മറ്റു ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതൽ യാത്രക്കാർക്ക് വേണ്ടിയുള്ള സർവീസുകൾ ആരംഭിക്കും. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരം എന്ന റൂട്ടിലാണ് സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസർഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർവീസ്.