കൊല്ലം: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ ഒരിടത്തും പിടിച്ചിടുന്നില്ല എന്ന റെയിൽവേയുടെ അവകാശവാദം പച്ചക്കള്ളം. ഇന്ന് രാവിലെയും വന്ദേഭാരതിന്റെ സുഗമയാത്രക്കായി മറ്റൊരു ട്രെയിൻ പിടിച്ചിട്ട സംഭവം അരങ്ങേറി.
തിരുവനന്തപുരം-ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എക്സ്പ്രസ് ട്രെയിൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ 20 മിനിറ്റിൽ അധികമാണ് നിർത്തിയിട്ടത്. വന്ദേഭാരത് പോയതിന് ശേഷമാണ് ഈ ട്രെയിനിന് കരുനാഗപ്പള്ളിക്ക് പോകാൻ സിഗ്നൽ ലഭിച്ചത്. ഇതു കാരണം രാവിലെ 6.09ന് കായംകുളത്ത് എത്തേണ്ട ട്രയിൻ 43 മിനിറ്റ് വൈകിയാണ് എത്തിയത്.
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എക്സ്പ്രസ് ഇന്ന് രാവിലെ 4.25-നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. അതേസമയം വന്ദേഭാരത് 5.16-നുമാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്.
ഏകദേശം ഒരു മണിക്കൂർ മുമ്പേ യാത്ര തുടങ്ങിയ വണ്ടിയെയാണ് മറ്റ് കാരണങ്ങൾ ഒന്നുമില്ലാതെ കരുനാഗപ്പള്ളിയിൽ പിടിച്ചിട്ടത്. ഇതു കൂടാതെ തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ചങ്ങനാശേരിയിലും നിർത്തിയിട്ടു.
വെള്ളിയാഴ്ച റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് മാനേജരുടെ വാർത്താക്കുറിപ്പിൽ ട്രെയിനുകൾ വൈകാനും പിടിച്ചിടാൻ കാരണമായി പറഞ്ഞിരുന്നത് കനത്ത മഴ, വെള്ളപ്പൊക്കം, ട്രാക്കിലെ മണ്ണിടിച്ചിൽ എന്നിവയാണ്. എന്നാൽ ഇത്തരം പ്രതിഭാസങ്ങളൊന്നും ഇന്ന് വന്ദേഭാരത് കടന്നുപോകുന്ന റൂട്ടിൽ സംഭവിച്ചിട്ടില്ല.
തിരുവനന്തപുരം ഡിവിഷനിൽ കഴിഞ്ഞ ഒരാഴ്ച എല്ലാ ട്രെയിനുകളും 100 ശതമാനം സമയ ക്ലിപ്തത പാലിച്ചെന്നാണ് വാർത്താക്കുറിപ്പിലെ മറ്റൊരു അവകാശവാദം. ഇത് റെയിൽവേയുടെ പതിവ് പല്ലവിയാണ്.
ചില ട്രെയിനുകൾ മണിക്കൂറുകൾ വൈകി ഓടിയാലും അവസാന സ്റ്റോപ്പിൽ കൃത്യസമയത്ത് എത്തും. അത്രയേറെ ബഫർ ടൈം (അധിക സമയം) വണ്ടികൾക്ക് റെയിൽവേ അനുവദിച്ചിട്ടുണ്ട്. തുടക്കവും ഒടുക്കവും കൃത്യസമയത്ത് ആയാൽ സമയ ക്ലിപ്തത പാലിച്ചു എന്നാണ് റെയിൽവേയുടെ നിലപാട്.
ഏതായാലും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ ചില ട്രെയിനുകളുടെ ബഫർ സമയം വെട്ടിച്ചുരുക്കി “സ്പീസിംഗ് അപ്പ്’ എന്ന പേരിൽ വേഗത കൂട്ടുന്ന മാജിക് റെയിൽവേ ആരംഭിച്ച് കഴിഞ്ഞു.