ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താനൊരുങ്ങി റെയിൽവേ. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ ഓറഞ്ച്- ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാൽ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകൾ പരീക്ഷിക്കുന്നതെന്നാണ് വിവരം.
‘കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചു, ഓറഞ്ച് – ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തി. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.’- ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) അറിയിച്ചു. ഇരുവശത്തും ഓറഞ്ച് പെയിന്റും വാതിലുകൾക്ക് ചാരനിറവുമായിരിക്കും നൽകുക.പരീക്ഷണാർത്ഥം ഒരു ബോഗി കളർ ചെയ്തു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പുതിയ കളർകോഡ് നിലവിൽ വരിക. നിലവിൽ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ട്രെയിനിന്റെ സീറ്റ് ഡിസൈനുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും. കൂടാതെ കോച്ചുകളുടെ പുറംഭാഗത്ത് സോണൽ റെയിൽവേയുടെ ചുരുക്കെഴുത്തുകൾക്ക് പകരം ഐആർ (ഇന്ത്യൻ റെയിൽവേ) ഒട്ടിക്കാൻ റെയിൽവേ തീരുമാനിച്ചു