കോട്ടയം : വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി വരെയാണ് ദർശനം. അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.
രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്. ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.
ബുധനാഴ്ച പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
തിരുവൈക്കത്തപ്പൻ്റെ പരമഭക്തനായ വ്യാഘ്രപാദ മഹർഷിക്ക് മഹാദേവൻ മംഗള ദർശനം നൽകിയ പുണ്യദിവസമാണ് വൈക്കത്തഷ്ടമി എന്നാണ് വിശ്വാസം.