കോഴിക്കോട് : വടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ലാ അസി. സെഷന്‍സ് കോടതി വെറുതെ വിട്ടത്. പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ വ്യക്തമായി തിരിച്ചറിയാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വിലയിരുത്തി. വടകര ഡിഇഒ ഓഫിസ്, എല്‍എ എന്‍എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളില്‍ നടന്ന തീവെപ്പ് കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഈ കേസുകളിലും ഇയാളെ വെറുതെ വിട്ടു.
2021 ഡിസംബര്‍ 17നാണ് വടകര താലൂക്ക് ഓഫിസ് തീവെച്ചു നശിപ്പിക്കപ്പെട്ടത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളുമടക്കം നശിപ്പിക്കപ്പെട്ടിരുന്നു. ഓടുപാകിയ കെട്ടിടമായതിനാൽ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്.
താലൂക്ക് ഓഫിസ് തീവെപ്പ് കേസിൽ ചോദ്യംചെയ്യലിനിടെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സ്ഥലങ്ങളിലും തീവെപ്പ് നടത്തിയതായി കണ്ടെത്തിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കോടതിയും ജയിലുമായി പ്രവർത്തിച്ച കെട്ടിടം 1985ലാണ് താലൂക്ക് ഓഫിസായി മാറ്റിയത്.