തൃശൂര്‍ : ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്കൂളിലേക്ക് ആളുകള്‍ കയറി ചൊല്ലുന്ന സ്ഥിതിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ സ്കുളുകളുടെ മുഖം തന്നെ മാറി. നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം പരിഹരിക്കാനാണ് തീരുമാനമെന്നും തൃശൂര്‍ ചേലക്കര നവകേരള സദസിന്റെ ഭാഗമായി സംസാരിക്കവേ ശിവന്‍കുട്ടി പറഞ്ഞു.
‘പലരും റോഡ് സൈഡിലിരിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് എന്ന് കരുതി റൂമൂണ്ടോയെന്ന് കയറി ചെല്ലുന്ന സ്ഥിതിയാണ് ഉള്ളത്. കിഫ്ബി ഫണ്ടില്‍ നിന്ന് 5000 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അടുത്ത ലക്ഷ്യം കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂര്‍ ജില്ലയിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പതിനാറു ദിവസത്തെ പര്യടനം പൂര്‍ത്തിയായി. മഞ്ചേശ്വരം മുതല്‍ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി വരെ അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് എത്തിയത്. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ വഴിയോരങ്ങളില്‍ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ ചിലരുടെ ക്യാമറകളില്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നില്ല. ഇത് ആര്‍ക്കും എതിരായ പരിപാടിയല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.’ – എന്ന ആരോപണമാണ് ഉന്നയിച്ച് കേട്ടത്. പതിനാല് ജില്ലാകൗണ്‍സിലുകള്‍ ഒറ്റയടിക്ക് പിരിച്ചു വിട്ട് അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തില്‍ കത്തി വെച്ചവരാണ് ഇത് പറയുന്നത്. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും അതിനെ തുരങ്കം വെക്കാന്‍ നോക്കിയവരും ആരാണെന്നും ഞാന്‍ ഇവിടെ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഈ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടല്‍ ആണ് നടത്തുന്നത്. അതിനായി കാലികമായ മാറ്റങ്ങള്‍ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളില്‍ ഒന്നായ മാലിന്യ സംസ്കരണത്തില്‍ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത് ഓര്‍ഡിനന്‍സായി ഗവര്‍ണര്‍ മുമ്പാകെ നല്‍കിയിട്ടുണ്ടെങ്കിലും ഒപ്പിടാതെ വച്ചിരിക്കയാണ്. അക്കാര്യത്തില്‍ പ്രതിപക്ഷം യാതൊരു പ്രതിഷേധവും ഉന്നയിച്ച് കേട്ടില്ല.
നഗരപ്രദേശങ്ങളിലും, ചേര്‍ന്നുനില്‍ക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള്‍ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി 941 ഗ്രാമ പഞ്ചായത്തുകളിലും ഐഎ ജിഎംഎസ് ഓണ്‍െലൈന്‍ ഫയല്‍ സംവിധാനം ഏര്‍പ്പെടുത്തി.
270 ഓളം സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. നഗരസഭകള്‍ക്ക് വേണ്ടി കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികള്‍ തീര്‍പ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ ഏതാണ് ‘അസ്ഥിരീകരിക്കല്‍’ എന്ന് പറഞ്ഞവര്‍ വിശദീകരിച്ചാല്‍ നന്നെന്നും പിണറായി പറഞ്ഞു.