തിരുവനന്തപുരം : കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് സ്നേഹ സന്ദേശങ്ങളുടെ പ്രവാഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്.
തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന് അരുണ്‍കുമാര്‍ പറഞ്ഞു. വൈകീട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.
പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകീട്ടുമുള്ള പത്രവായനയിലൂടെ വാര്‍ത്തകളും വിശേഷങ്ങളും വി എസ് അറിയുന്നുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളും ശ്രദ്ധിക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുണ്‍കുമാറും ആശയും ഒപ്പമുണ്ട്.