ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന ഘട്ടത്തിലെന്നു റിപ്പോർട്ടുകൾ. രാജ്യം പ്രതീക്ഷയോടെ കാതോർത്തിരിക്കുന്ന ശുഭ വാർത്ത ഉടൻ എത്തുമെന്നു റിപ്പോർട്ടുകൾ. 41 തൊഴിലാളികളാണ് കുടുങ്ങിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനാകുമെന്നു പ്രതീക്ഷിരുന്നു. അതിനു സാധിച്ചില്ലെങ്കിലും വൈകാതെ തൊഴിലാളികൾക്ക് അരികിലെത്താൻ രക്ഷാ സംഘത്തിനു സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അർധ രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്.
എന്നാൽ നിർമാണത്തിന്റെ ഡ്രില്ലിങ് മെഷീൻ ഇരുമ്പു പാളിയിൽ ഇടിച്ചതോടെയാണ് ദൗത്യത്തിനു നേരിയ തടസം നേരിട്ടത്. ഇതു മുറിച്ചു നീക്കി ഡ്രില്ലിങ് പുനരാരംഭിച്ചിട്ടുണ്ട്.
ഈ മാസം 12നാണ് തുരങ്കം തകർന്നു തൊഴിലാളികൾ കുടുങ്ങിയത്. 41 പേരെ രക്ഷിക്കാനുള്ള ശ്രമം അന്നു മുതലാണ് തുടങ്ങിയത്. തൊഴിലാളികളുടെ അടുത്തെത്താൻ 12 മീറ്റർ കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതിനിടെയാണ് പുതിയ പ്രതസന്ധി രൂപപ്പെട്ടത്.
അതിനിടെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ പരിചരണത്തിനായി 41 ഓക്സിജന്‍ ബെഡുകള്‍ സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരകാശിയിലെ ചിന്യാസൗറില്‍ ഓക്സിജന്‍ സൗകര്യമുള്ള ബെഡുകള്‍ ഒരൂക്കിയിരിക്കുന്നത്. അതേസമയം കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെയെത്തി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്സിജന്‍ മാസ്ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
9 കുഴലുകള്‍ തുരങ്കത്തിലേക്കു സ്ഥാപിച്ചു. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷ. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി സ്ഥലത്തെത്തി.
തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയില്‍ കാണിച്ചശേഷം വീട്ടിലേക്കു പോകാന്‍ അനുവദിക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി.