ഡെറാഡൂണ്‍: മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്ന്, ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡില്‍ നിര്‍ദേശം. സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമസഭ അംഗീകരിക്കുന്നതോടെ ഏക സിവില്‍ കോഡ് പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്. ലിവ് ഇന്‍ ബന്ധം തുടങ്ങി ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവരില്‍നിന്ന് 10000 രൂപ മുതല്‍ 25000 രൂപ വരെ പിഴയും ഈടാക്കാം. ലിവ് ഇന്‍ ബന്ധങ്ങളില്‍ പങ്കാളി ഉപേക്ഷിച്ചുപോയാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. ഇതിനായി കോടതിയെ സമീപിക്കാം. ലിവ് ഇന്‍ ബന്ധങ്ങളിലെ കുഞ്ഞുങ്ങളെ നിയമാനുസൃതമായിതന്നെ കണക്കാക്കും. ലിവിംഗ് ടുഗെദര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക വെബ്സൈറ്റ് തയാറാക്കും.
ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും സംസ്ഥാനത്ത് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കും. വിവാഹമോചനത്തിനും ഏകീകൃത നടപടിക്രമം കൊണ്ടുവരാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പട്ടിക വര്‍ഗ വിഭാഗങ്ങളെയും ഭരണഘടനയുടെ 21-ാം പട്ടിക പ്രകാരം സംരക്ഷിച്ചിട്ടുള്ളവരെയും ബില്ലിന്റെ അധികാര പരിധിയില്‍നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത ബില്‍ അവതരണത്തിനും അതിന്മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്.
ഏകീകൃത സിവില്‍ കോഡ് ബില്ലിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു. രാവിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യില്‍ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് നിയമസഭ നടപടികളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി കരട് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി.