ലഖ്നൗ : ഉത്തര്‍പ്രദേശ് ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍ക്കിയോളജി സര്‍വെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അമിത് ശ്രീവാസ്തവയാണ് വരാണസിയിലെ ജില്ലാ കോടതി ജഡ്ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സീല്‍ ചെയ്ത റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേടുപാടുണ്ടാകുമെന്നതിനാല്‍ സര്‍വേ ഒഴിവാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. നൂറിലധികം ദിവസം കൊണ്ടാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പള്ളിയുടെ സര്‍വേ പൂര്‍ത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂര്‍ണ സര്‍വേ വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
കഴിഞ്ഞവര്‍ഷം മേയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വിഡിയോ സര്‍വേയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.