തൃശൂർ : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ- ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരിൽ ഒരാൾ ഇതു മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായിരുന്നു. വിഡിയോ കണ്ട് ഇരിങ്ങാലക്കുട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറി.