മുംബൈ : ഡല്‍ഹിയിലെ അയ്യായിരം കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം മറ്റ് മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തത്. ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി കോണ്‍ഗ്രസ് നേതാവാണ്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ പൊതുയോഗത്തില്‍ മോദി പറഞ്ഞു.
മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും, മോദി സര്‍ക്കാര്‍ യുവാക്കളെ നൂതനാശയങ്ങളുമായി മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്താനാണെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ നേരത്തെ കോണ്‍ഗ്രസുമായി സഹകരിച്ച ഇയാള്‍ നിലവില്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.