ലാറ്റിനമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. വെനസ്വേലയ്ക്കുമേൽ വീണ്ടും ശക്തമായ ഉപരോധം നടപ്പാക്കാനുള്ള അമേരിക്കൻ നീക്കമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് തിരിച്ചടിയാകുന്നത്. വെനസ്വേലയിലെ രാഷ്ട്രീയ വേട്ടയെ തുടർന്നാണ് പുതിയ ഉപരോധം.
2017-19 കാലയളവിൽ വെനസ്വേലയിൽ നിന്ന് ഇന്ത്യ പ്രതിദിനം മൂന്നുലക്ഷം ബാരൽ വീതം ക്രൂഡോയിൽ വാങ്ങിയിരുന്നു. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ ക്രൂഡോയിൽ വിതരണക്കാരുമായിരുന്നു വെനസ്വേല. ബാരലിന് 83-87 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര ക്രൂഡോയിൽ വിലയുണ്ടെങ്കിലും വെനസ്വേലയിൽ 61 ഡോളർ മാത്രമേയുള്ളൂ. ഇതാകട്ടെ സൗദി അറേബ്യൻ എണ്ണയേക്കാൾ 26 ഡോളറും റഷ്യൻ എണ്ണയേക്കാൾ 18 ഡോളറും കുറവാണ്.
രാജ്യാന്തരവില കുതിച്ചുയർന്നതിനാലും തിരഞ്ഞെടുപ്പ് അടുത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് രണ്ടുരൂപ വീതം കുറച്ചതിനാലും പ്രതിസന്ധിയിലായ എണ്ണക്കമ്പനികൾക്ക് വെനസ്വേലൻ എണ്ണ ഇറക്കുമതി വലിയ ആശ്വാസമാകുമായിരുന്നു. പെട്രോൾ, ഡീസൽ വില കുറച്ചതുവഴി വാർഷിക വരുമാനത്തിൽ 30,000 കോടി രൂപയുടെ കുറവ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ.
വെനസ്വേലയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്.എം.ഇ.എൽ (എച്ച്.പി.സി.എൽ-മിത്തൽ എനർജി ലിമിറ്റഡ്), നയാര എന്നിവ നേരത്തേ ക്രൂഡോയിൽ ഇറക്കുമതി ചെയ്തിരുന്നു. ബി.പി.സി.എല്ലും വെനസ്വേലൻ എണ്ണവാങ്ങാൻ ശ്രമം നടത്തിയിരുന്നു.