ന്യൂഡല്‍ഹി : യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവെച്ചെന്ന് വെളിപ്പെടുത്തല്‍. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങ്ങിന് ശേഷമാണ് ഇവ നീക്കിയതെന്നുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘യാത്രയിലുടനീളം ഞങ്ങളുടെ കൈകളും കാലുകളും വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചു. ഇവ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നീക്കിയത്’ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്പാല്‍ സിങ് പറഞ്ഞു.
ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല, ഞങ്ങളെ മറ്റൊരു ക്യാംപിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു- ജസ്പാല്‍ സിങ് പറഞ്ഞു.
40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദുഃഖകരമാണ്. 2013-ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യുപിഎ. സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന് ഖേര പറഞ്ഞു.