ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പു നടത്തി ഒബിസി, ഭിന്നശേഷി സംവരണ ആനുകൂല്യങ്ങള്‍ തെറ്റായി നേടിയതില്‍ ആരോപണ വിധേയയായ മുന്‍ ഐഎഎസ് പ്രബേഷണറി ഓഫിസര്‍ പൂജ ഖേദ്കറെ ഫെബ്രുവരി 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി.
പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനും യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷനും നോട്ടീസ് അയച്ചു.
കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും. സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി 2022ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പൂജ ഖേദ്കറിനെതിരെയുള്ള ആരോപണം. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അവര്‍ നിഷേധിക്കുകയാണ് ചെയ്തത്.