ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിലെത്തി. മേയിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത് ആദ്യമായാണ്. ഇതുവരെയുള്ള റെക്കാഡ്
ഏപ്രിലിൽ നടത്തിയ 889.81 കോടി ഇടപാടുകളായിരുന്നു. മാർച്ചിൽ 868.53 കോടിയും ഫെബ്രുവരിയിൽ 753.34 കോടിയും യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.
തുക കൈമാറ്റത്തിൽ 43% വർദ്ധന
മേയിൽ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ട തുകയിലും റെക്കാഡ് സൃഷ്ടിച്ചു. മൊത്തം 14.89 ലക്ഷം കോടി രൂപയാണ് മേയിൽ കൈമാറിയത്. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. ഏപ്രിലിൽ മൂല്യം 14.07 ലക്ഷം കോടി രൂപയായിരുന്നു.
2022 മേയിലെ ഇടപാടുകളെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 58 ശതമാനവും എണ്ണം 43 ശതമാനവും ഉയർന്നിട്ടുണ്ട്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.
മേയിലെ അവസാന 10 ദിവസങ്ങളിലായി മാത്രം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്ന് എൻ.പി.സി.ഐ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിലാകെ 8,376 കോടി ഇടപാടുകൾ യു.പി.ഐ വഴി നടന്നു. 139 ലക്ഷം കോടി രൂപയാണ് ഈ കാലയളവിലെ ഇടപാട് മൂല്യം. 2021-22ൽ ഇടപാടുകൾ 4,597 കോടിയും മൂല്യം 84 ലക്ഷം കോടി രൂപയുമായിരുന്നു.