ലക്നൗ : കൻവാർ യാത്രാ റൂട്ടിലെ എല്ലാ ഭക്ഷണശാലകളിലും അവയുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ യുപി സർക്കാരിന്റെ ഉത്തരവ്. എല്ലാ ഭക്ഷണശാലകളും അല്ലെങ്കിൽ വണ്ടി ഉടമകളും ഉടമയുടെ പേര് ബോർഡിൽ പ്രദർശിപ്പിക്കണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഉത്തരവ്. കൻവാർ തീർഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു നാമധാരികളായ മുസ്ലീങ്ങൾ തീർത്ഥാടകർക്ക് മാംസാഹാരങ്ങൾ വിൽക്കുന്നുവെന്ന് ഉത്തർപ്രദേശ് മന്ത്രി കപിൽ ദേവ് അഗർവാൾ ആരോപിച്ചിരുന്നു. അവർ വൈഷ്ണോ ധാബ ഭണ്ഡാർ, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകൾ എഴുതുകയും സസ്യേതര ഭക്ഷണം വിൽക്കുകയും ചെയ്യുന്നു,” മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കാർ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്. സ്ഥാപനത്തിൽ ഉടമസ്ഥൻ്റെ പേര്, ക്യുആർ കോഡ്, മൊബൈൽ നമ്പർ എന്നിവ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അനുസരിക്കുന്നില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരും, കൂടാതെ കൻവാർ റൂട്ടിൽ നിന്നും നീക്കം ചെയ്യും. ജൂലൈ 22ന് കൻവാർ യാത്ര ആരംഭിക്കാനിരിക്കെ ഉത്തർപ്രദേശിലുടനീളം ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, കൻവാർ യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ ഭക്ഷണശാലകളോട് ഉടമകളുടെ പേരുകൾ ബോർഡിൽ രേഖപ്പെടുത്താൻ ഉത്തരാഖണ്ഡ് പൊലീസും നിർദ്ദേശം നൽകിയിട്ടുണ്ട്.