ലഖ്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദീകരിക്കുന്ന റിപ്പോർട്ടിൽ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണുളളത്. കാരണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പാർട്ടി അധ്യക്ഷൻ 40,000പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോർട്ട് യു.പി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.
ഇന്നലെ കേന്ദ്ര നേതൃത്വത്തെ കണ്ടതിനുശേഷമാണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്. കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡയുമായി മൗര്യ ന്യൂഡൽഹിയിൽ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നഡ്ഡ യു.പി ബി.ജെ.പി അധ്യക്ഷൻ ഭൂപേന്ദർ ചൗദരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. നിരന്തരമായുണ്ടാവുന്ന ചോദ്യപേപ്പർ ചോർച്ച, സർക്കാർ സർവീസിലെ താൽക്കാലിക നിയമനം, ഭരണത്തിൽ ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടലുകൾ തുടങ്ങിയവ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
”എം.എൽ.എക്ക് ഒരു അധികാരവുമില്ല. ജില്ലാ മജിസ്ട്രേറ്റും ഉദ്യോഗസ്ഥരുമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇത് പ്രവർത്തകർക്ക് അപമാനകരമായി തോന്നി. വർഷങ്ങളായി ആർ.എസ്.എസും ബി.ജെ.പിയും ഒരുമിച്ച് പ്രവർത്തിച്ചാണ് സമൂഹത്തിന്റെ അടിത്തട്ടിൽ ശക്തമായ ബന്ധമുണ്ടാക്കിയത്. ഉദ്യോഗസ്ഥർക്ക് പാർട്ടി പ്രവർത്തകർക്ക് പകരമാവാനാകില്ല”- ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം 15 ചോദ്യപേപ്പർ ചോർച്ചകളാണ് സംസ്ഥാനത്തുണ്ടായത്. ഉന്നത സർക്കാർ ജോലികളിലെല്ലാം കരാർ ജീവനക്കാരെ നിയമിച്ചു. ബി.ജെ.പി സംവരണം അവസാനിപ്പിക്കാൻ പോകുന്നു എന്നതടക്കമുള്ള പ്രതിപക്ഷ പ്രചാരണങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു ഇത്തരം നടപടികൾ. സംസ്ഥാന നേതാക്കളെ വെവ്വേറെ വിളിച്ച് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര നേതൃത്വം തയ്യാറാവണം-മറ്റൊരു നേതാവ് പറഞ്ഞു.
വോട്ടിങ് പാറ്റേണിൽ കാര്യമായ മാറ്റമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. കുർമി, മൗര്യ സമുദായങ്ങളുടെ വോട്ട് ഇത്തവണ പാർട്ടിക്ക് കാര്യമായി ലഭിച്ചില്ല. ദലിത് വോട്ടുകളിലും ഇടിവുണ്ടായി. ബി.എസ്.പി പ്രതീക്ഷിച്ച വോട്ടുകൾ പിടിച്ചില്ല. ചില മേഖലകളിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോർട്ട് പറയുന്നു. ഉത്തപ്രദേശ് ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടിനിടെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പോസ്റ്റ് ചർച്ചയായിരുന്നു. ‘സർക്കാറിനെക്കാൾ വലുതാണ് സംഘടന. പ്രവർത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാൾ വലുതല്ല ഒരാളും. പ്രവർത്തകരാണ് അഭിമാനം’ -എന്നായിരുന്നു മൗര്യ എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൗര്യയും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ പോസ്റ്റ് വരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചകൾ നടന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയ യോഗിയും മൗര്യയും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് പല നേതാക്കളും സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 2024ലെ തെരഞ്ഞെടുപ്പിൽ 80ൽ 33 സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ൽ 62 സീറ്റുകൾ നേടിയിരുന്നു. 2017ൽ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.