ചെന്നൈ : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തമിഴ്നാട്ടിലെ ശ്രീവൈകുണ്ഠത്ത് കുടുങ്ങിപ്പോയ ട്രെയിനിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. 800 ഓളം പേരാണ് ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നത്.
വ്യോമസേന, ദേശീയ ദ്രുതകര്‍മ്മസേന, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് വൈദ്യസഹായം എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
വെള്ളക്കെട്ടിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശ്രീവൈകുണ്ഠം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കുടുങ്ങിയത്. ട്രെയിനിലുണ്ടായിരുന്ന 300 ഓളം പേരെ അടുത്തുള്ള വീടുകളിലേക്കും സ്കൂളിലേക്കും മാറ്റിയിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ 100 പേരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇതില്‍ 54 സ്ത്രീകളും ഒരു ഗര്‍ഭിണിയും 19 കുട്ടികളും ഉള്‍പ്പെടുന്നു. മഴവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചുപോയതോടെ രണ്ടു കരകളായി പ്രദേശം മാറി. ഇതിനു നടുവിലൂടെ പുഴയ്ക്ക് സമാനമായിട്ടാണ് വെള്ളം ഒഴുകുന്നത്. ഇവിടെ ട്രാക്ക് മാത്രമാണ് അവശേഷിക്കുന്നത്.
മുഖ്യമന്ത്രി സ്റ്റാലിന് പ്രളയബാധിത ജില്ലകളിലെ കലക്ടര്‍മാരും മന്ത്രിമാരുമായി സംസാരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്കി.