സീസണ് മുന്നോട്ട് പോകുന്തോറും ആവേശം കൂടുകയാണ് പ്രീമിയര്‍ ലീഗില്‍. കിരീട പോരാട്ടത്തിന് ലിവര്‍പൂളും സിറ്റിയും ആര്‍സനലും മാറ്റുരക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ടാണ് യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബുകള്‍ കളിക്കുന്നത്. ലീഗിലെ 28ാം റൗണ്ട് മത്സരത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സനല്‍ ഇന്ന് ബ്രന്റ്ഫോര്‍ഡിനെ നേരിടും. ജയിച്ചാല്‍ ഗണ്ണേഴ്സിന് ലീഗില്‍ ഒന്നാമതെത്താനാകും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട യുണൈറ്റഡിന് എവര്‍ട്ടനാണ് എതിരാളി. യുണൈറ്റിഡന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. പരിക്കേറ്റ മുന്നേറ്റ നിര താരം ഹോയ്ലണ്ട് ഇന്നും കളിക്കില്ല. ലിവര്‍പൂളുമായുള്ള മത്സരത്തിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിശീലകന് എറിക് ടെന്‍ ഹാഗ് പറഞ്ഞു. 44 പോയിന്റുമായി ആറാം സ്ഥാനത്തുള്ള യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. പ്രധാന താരങ്ങളുടെ പരിക്കാണ് ടീമിനെ വലക്കുന്നത്. ലീഗില്‍ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ വോള്‍വ്സ് ഫുള്‍ഹാമിനെയും ക്രിസ്്റ്റല് പാലസ് ലൂട്ടന്‍ ടൗണിനെയും ബേണ്‍മൗത്ത് ഷെഫീല്‍ഡ് യുണൈറ്റഡിനെയും നേരിടും. 18ാം സ്ഥാനത്തുള്ള ലൂട്ടന്‍ ടൗണും 20ാം സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുണൈറ്റഡും തരം താഴ്ത്തല്‍ ഭീഷണിയിലാണ്.