ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്കുന്ന ഡീപ്ഫേക്കുകളും തെറ്റായ വിവരങ്ങളും ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിന് കീഴിലുള്ള കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്.
‘സ്കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന് കടുത്ത ആശങ്ക പങ്കുവച്ചിരുന്നു. മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.