ന്യൂഡല്‍ഹി : ചൈനയില്‍ പടരുന്ന എച്ച്9എന്‍2 വൈറസ് കേസുകളും ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനിയും നിരീക്ഷിച്ച് വരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇവ ഇന്ത്യയില്‍ പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പക്ഷിപ്പനിക്ക് കാരണമാകുന്നതാണ് എച്ച്9എന്‍2 വൈറസ്. വടക്കന്‍ ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പടരുന്നത്. ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ചെയര്‍മാന്റെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ചൈനയില്‍ ഇരുരോഗങ്ങളും പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി.
പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും മനുഷ്യനിലും വളര്‍ത്തുമൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം മുന്നോട്ടുവെച്ചു.
കഴിഞ്ഞ ദിവസമാണ് വടക്കന്‍ ചൈനയില്‍ പകര്‍ച്ചപ്പനി പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെയാണ് ശ്വാസകോശ സംബന്ധമായ രോഗം കാര്യമായി ബാധിച്ചിരിക്കുന്നത്. ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. പുതിയ രോഗാണുവിനെയൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണ്. കോവിഡ് മഹാമാരി തൊട്ട് ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.