ന്യൂഡൽഹി : ആരോഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണാ ജോർജിനെ കാണുമെന്നാണ് നഡ്ഡ അറിയിച്ചത്. കാണുന്നതിന് തടസ്സമൊന്നുമില്ലെന്നും, മന്ത്രി വീണാ ജോർജിന് അപ്പോയിന്റ്മെന്റ് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഇന്നലെ തന്നെ കാണാൻ സമയം തേടിയതും, കാത്തിരുന്നതും അറിഞ്ഞില്ലെന്നും ജെപി നഡ്ഡ പറഞ്ഞു.
ആശ വർക്കർമാരുടെ സമരം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതിരുന്നത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തിയിട്ടും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച നടത്താനാകാതെ മന്ത്രി വീണാ ജോർജ് മടങ്ങിയെത്തിയതാണ് വിവാദമായത്. ആശ സമരത്തിൽ പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തിയതെന്നായിരുന്നു വിമർശനം.
ലോക്സഭയിൽ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനിടെ, ആശാവർക്കർമാർ നടത്തുന്ന സമരം കെസി വേണുഗോപാൽ ഉന്നയിച്ചിരുന്നു. ആശാ വർക്കർമാർ കേരളത്തിൽ 38 ദിവസത്തിലേറെയായി സമരത്തിലാണ്. വിഷയം ഉന്നയിക്കാനായി സംസ്ഥാനആരോഗ്യമന്ത്രി ഡൽഹിയിലെത്തിയെങ്കിലും കേന്ദ്രമന്ത്രി നഡ്ഡ കാണാൻ അവസരം നൽകിയില്ലെന്ന വിഷയവും ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ ചേംബറിലേക്ക് വന്നാൽ ഇതുൾപ്പെടെ എല്ലാ കാര്യവും സംസാരിക്കാമെന്ന് ജെ പി നഡ്ഡ, കെ സി വേണുഗോപാൽ അടക്കമുള്ള യുഡിഎഫ് എംപിമാരെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് എംപിമാർ ഇന്ന് ഉച്ചയ്ക്ക് ചേംബറിലെത്തി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി ചർച്ച നടത്തും. ആശ വർക്കർമാരുടെ വിഷയം അടക്കം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യുഡിഎഫ് എംപിമാർ സൂചിപ്പിച്ചു.