ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത ബില്‍ അവതരണത്തിനും അതിന്മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്.
ഏകീകൃത സിവില്‍ കോഡ് ബില്ലിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു. വിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യില്‍ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് നിയമസഭ നടപടികളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി കരട് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി.
ദേവഭൂമി ഉത്തരാഖണ്ഡിലെ പൗരന്മാര്ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, അതിന്റെ വ്യവസ്ഥകള്‍ പഠിക്കാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു.നിയമനിര്‍മ്മാണ പാരമ്പര്യങ്ങള്‍ ലംഘിച്ച് ചര്‍ച്ചയില്ലാതെ ബില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യ കുറ്റപ്പെടുത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ പഠിക്കാന്‍ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്കി.
ബില്‍ നിയമമാകുന്നതോടെ സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവില്‍ കോഡ് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ജാതിയും മതവും നോക്കാതെ സംസ്ഥാനത്തെ എല്ലാ സമുദായങ്ങള്‍ക്കും ഏകീകൃത സിവില്‍ നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന യുസിസിയുടെ അന്തിമ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
വിരമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് യുസിസിയുടെ കരട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും അവരുടെ മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ് ബില്‍.