ന്യൂ ഡൽഹി : വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഫെബ്രുവരി 13 ന് പാർലമെന്റിൽ സമർപ്പിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്. ഈ മാസം ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ വീണ്ടും സമ്മേളിക്കുമ്പോൾ അവതരിപ്പിക്കും. 2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ പ്രതിപക്ഷ ബഹളത്തിനിടയിലാണ് റിപ്പോർട്ട് ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്. പ്രതിഷേധങ്ങൾക്കിടെ വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചിരുന്നു.
ലോക്സഭയിൽ നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജെപിസി റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ വിയോജിപ്പ് കുറിപ്പുകൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ കേന്ദ്രം ഈ ആരോപണം നിഷേധിച്ചിരുന്നു.
ജനുവരിയിൽ, ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അംഗങ്ങൾ നിർദ്ദേശിച്ച വഖഫ് ബില്ലിലെ എല്ലാ ഭേദഗതികളും പാർലമെന്ററി കമ്മിറ്റി അംഗീകരിക്കുകയും പ്രതിപക്ഷ അംഗങ്ങൾ നിർദ്ദേശിച്ച എല്ലാ മാറ്റങ്ങളും ക്ലോസ്-ബൈ-ക്ലോസ് ചർച്ചയിൽ നിരസിക്കുകയും ചെയ്തു.
ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളിയിരുന്നു. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ച 23 മാറ്റങ്ങളിൽ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചു. ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 എംപിമാർ എതിർത്തുവെന്നും ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു.