കണ്ണൂര്‍: യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന ബിജെപി പദയാത്രക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.
അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ അധമ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവില്‍കോഡും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് ബിജെപി തീരുമാനം. നേരത്തെ ഏകീകൃത സിവില്‍ കോഡ് വിഷയം ബിജെപി ഉയര്‍ത്തിയപ്പോള്‍ അസമടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടേതടക്കം അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം.