കോഴിക്കോട്: ഏക സിവില്‍കോഡില്‍ തെരുവില്‍ പ്രക്ഷോഭം വേണ്ടെന്ന് മുസ്ലിം സംഘടനകളുടെ തീരുമാനം. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ബോധവത്ക്കരണത്തിനായി കോഴിക്കോട്ട് അടക്കം വിവിധ സ്ഥലങ്ങളില്‍ യോഗം നടത്താനും മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
ഏകീകൃത സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും വിശാലമായി പ്രതികരിക്കേണ്ട കാര്യമാണെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ സാമുദായിക ധ്രുവീകരണം പാടില്ല. ഉത്തരവാദിത്വത്തോടെയാണ് എല്ലാവരും പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഏക സിവില്‍കോഡ് കൊണ്ടുവരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കെണിയില്‍ ആരും വീഴരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സമുദായവത്ക്കരിക്കുക, വര്‍ഗീയവത്കരിക്കുക എന്ന അജണ്ട മുന്‍ നിറുത്തിയുള്ള നീക്കമാണിത്. വിഷയത്തില്‍ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് സെമിനാര്‍ നടത്തും. എല്ലാ പാര്‍ട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.