കോഴിക്കോട് : വിവാദങ്ങൾക്കുംവിട്ടുനിൽക്കൽ പ്രഖ്യാപനങ്ങൾക്കുമിടയിൽ ഏകീകൃത സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.
15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.എം കണക്ക് കൂട്ടൽ. ഏകീകൃത സിവിൽകോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുക. നിലവിൽ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നത് നേട്ടമാണ് എന്ന കണക്ക് കൂട്ടലിലാണ് ഇടതുപക്ഷം.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ നേതാവ് ഇ കെ വിജയൻ എംഎൽഎ, ജോസ് കെ മാണി എംപി, എം വി ശ്രേയാംസ്കുമാർ, പ്രൊഫ. എ പി അബ്ദുൾ വഹാബ്, എളമരം കരീം എംപി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി, മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.
താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) സെക്രട്ടറി മുക്കം ഉമർ ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗം പി എം അബ്ദുൾ സലാം ബാഖവി, കേരള നദ്വതുൽ മുജാഹിദ്ദീൻ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, മർക്കസ് ദുഅ്വ ജനറൽ സെക്രട്ടറി സി പി ഉമ്മർ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ, ടി കെ അഷ്റഫ് (വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുൾ സലാം, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ ആർ കേളു എംഎൽഎ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ , എന്നിവർ സെമിനാറിൽ പങ്കെടുക്കും.