ന്യൂഡൽഹി : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച 22ാം ലോകമ്മിഷൻ ജനങ്ങളിൽ നിന്നും, മതസംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആശയങ്ങളും ക്ഷണിച്ചു. ലോ കമ്മിഷൻ ശുപാർശകളുടെ കൂടി അടിസ്ഥാനത്തിലാകും ബില്ലിന്റെ ഉള്ളടക്കം.
2016, 18 കാലയളവിൽ 21ാം ലോകമ്മിഷൻ വിഷയം പരിശോധിച്ചിരുന്നു. ജനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ വലിയ പ്രതികരണമായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതിനാൽ പുതുതായി നടപടികൾ തുടങ്ങുന്നുവെന്നാണ് വിശദീകരണം. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ബി.ജെ.പി ശക്തമായി ആവശ്യപ്പെടുന്നതിനിടെ, കഴിഞ്ഞ ഫെബ്രുവരിയിൽ ലോകമ്മിഷന്റെ കാലാവധി 2024 ആഗസ്റ്റ് 31 വരെ കേന്ദ്രം നീട്ടിയിരുന്നു. കർണാടക മുൻ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയാണ് കമ്മിഷൻ അദ്ധ്യക്ഷൻ. ജസ്റ്റിസ് കെ.ടി. ശങ്കരൻ, പ്രൊഫസർ ഡോ. ആനന്ദ് പലിവാൽ, പ്രൊഫസർ ഡി.പി. വർമ്മ എന്നിവർ അംഗങ്ങളും.
ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡിന് നടപടികൾ പുരോഗമിക്കുകയാണ്.മുൻ നിയമ കമ്മീഷനുകൾ നടത്തിയ അഭിപ്രായ ശേഖരണത്തിന്റെ തുടർച്ചയാണിതെന്ന് വ്യാഖ്യാനമുണ്ടെങ്കിലും രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ടം ഡിസംബറിൽ പൂർത്തിയാകുന്ന വേളയിൽ, ഹിന്ദുത്വ രാഷ്ട്രീയം സജീവമായി നിർത്താനായി സിവിൽ കോഡ് ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ നീക്കത്തിനും അയോധ്യ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലിനും ശേഷം സിവിൽ കോഡ് ആയിരിക്കും ബിജെപി തൊടുക്കുക എന്ന കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നു.സിവിൽ കോഡിന്റെ കാര്യത്തിൽ വ്യക്തമായ ധാരണയില്ലാത്ത കോൺഗ്രസ്, പ്രതിപക്ഷ ഐക്യം എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന വേളയിലാണ് സർക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
അഭിപ്രായങ്ങൾ അറിയിക്കാൻ
ലോകമ്മിഷന്റെ വെബ്സൈറ്റിലെ https://legalaffairs.gov.in/law_commission/ucc/ പേജിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. പി.ഡി.എഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാം. ഇ മെയിൽ: membersecretary-lci@gov.in
“Member Secretary, Law Commission of India, 4th Floor, Lok Nayak Bhawan, Khan Market, New Delhi – 110 003 എന്ന വിലാസത്തിൽ എഴുതിയും അറിയിക്കാം. ആവശ്യമെങ്കിൽ ലാ കമ്മിഷൻ വിളിച്ചുവരുത്തി ചർച്ച നടത്തും
ഏക സിവിൽ കോഡ്
മത, ലിംഗ, ജാതി വ്യത്യാസമില്ലാതെ വ്യക്തി നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തി വിഷയങ്ങൾക്ക് കോഡ് നിർണായകമാകും.