ന്യൂഡൽഹി : പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ഇത് ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്.
അതേസമയം സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തി. പാർലമെന്റെ സൂരക്ഷാ വീഴ്ചയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും സഭയിൽ പ്രസ്താവന നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ പ്രതികൾ പൊള്ളലേല്‍ക്കുന്നതു തടയുന്ന ജെല്‍ പുരട്ടി ദേഹത്തു സ്വയം തീകൊളുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.
ശരീരത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാർലമെൻറ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നൽകിയത്.