ബംഗളൂരു : അനധികൃതമായി സർക്കാർ ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയെത്തുടർന്ന് ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിലായി.
കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് പരാതി. മൈസൂരു-കുടക് ലോക്സഭാ മണ്ഡലത്തിലെ എംപി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയാണ് പോലീസിന്റെ പിടിയിലായത്.
സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് ഇയാൾക്കെതിരായ പരാതി. ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയതെങ്കിലും പിന്നീട് കസ്റ്റഡി സംസ്ഥാന വനംവകുപ്പിന് കൈമാറുകയായിരുന്നു.
അനുമതി വാങ്ങാതെ മരം മുറിച്ച് കടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിക്രത്തിനെതിരേ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
പ്രദേശത്തെ തഹസിൽദാർ നടത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് വിഷയം പുറത്തുവരുന്നത്. മരം കടത്തിയത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
അടുത്തിടെ പാർലമെന്റിൽ അതിക്രമം കാണിച്ചവർക്ക് പാസ് ലഭിച്ചത് പ്രതാപ്സിംഹ എംപിയുടെ ശിപാർശയിലായിരുന്നു.