ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങൾ 2004ൽ 54.2 ശതമാനം ആയിരുന്നെങ്കിൽ 2022ൽ 65.7 ശതമാനമായി ഉയർന്നു. ഇതിൽ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷൻമാരുമാണ്.ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്നം യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നർക്കിടയിൽ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.2000 മുതൽ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിച്ചതോടൊപ്പം തൊഴിലില്ലായ്മയും വർധിച്ചു. എന്നാൽ, കോവിഡിന് ശേഷം തൊഴിലവസരങ്ങൾ കുറഞ്ഞെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2000ൽ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളിൽ പകുതിയും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേർക്കും സ്ഥിര ജോലിയുണ്ടായിരുന്നു. ബാക്കി 37 ശതമാനം പേർക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ൽ സ്വയം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ സ്ഥിരം ജോലിയുള്ളവർ 28 ശതമാനവും നിശ്ചിതമല്ലാത്ത ജോലിയുള്ളവർ 25 ശതമാനവുമാണ്. അടുത്ത ദശകത്തിൽ ഇന്ത്യ 70 മുതൽ 80 ലക്ഷം വരെ യുവജനങ്ങളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരുമെന്ന് പഠനം അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
തൊഴിലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലയിലെ അസമത്വങ്ങൾ പരിഹരിക്കുക, തൊഴിൽ വിപണിയിലെ കഴിവുകളും നയങ്ങളും ശക്തിപ്പെടുത്തുക, തൊഴിൽ വിപണിയുടെ രീതികളെയും യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെയും കുറിച്ചുള്ള അറിവുകൾ നൽകുക എന്നിവയെല്ലാം വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനാണ് ചൊവ്വാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, എല്ലാ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണമെന്ന് കരുതുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു ചിന്താഗതിയിൽനിന്ന് നമ്മൾ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.