ന്യൂഡല്‍ഹി : 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെ ഏഴ് ദിവസത്തെ ജാമ്യമാണ് നല്‍കിയത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഉപാധികളോടെ 7 ദിവസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയത്. നാല് വര്‍ഷവും 3 മാസത്തിനും ശേഷമാണ് ഉമര്‍ ഖാദിലിന് ജാമ്യം ലഭിക്കുന്നത്. നിരവധി തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമര്‍ ഖാദിദിന്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുമ്പ് ഇവര്‍ രണ്ടുപേരും ഷഹീന് ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായതിന് ശേഷം പലപ്പോഴായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
2020 ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 53 പേര് കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.