കൊച്ചി : കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്നു തുടർ സാഹചര്യം തീരുമാനിക്കും.
നിലവിൽ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കൽ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, ഓസ്കർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. നേരത്തെ ഓസ്കർ ഇവന്റ്സും, മൃദംഗ വിഷനും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.