ന്യൂഡൽഹി: പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു യുജിസി സുപ്രീം കോടതിയിൽ ഹർജി നൽകി. പ്രിയാ വർഗീസിന് അനുകൂലമായുള്ള വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. പ്രിയയുടെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധിയാണ് യുജിസി ചോദ്യം ചെയ്യുന്നത്. 2018-ലെ യുജിസി ചട്ടം നിഷ്കർഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് യുജിസിയുടെ പ്രധാനവാദം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രിയയ്ക്കനുകൂലമായി വിധിച്ചത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് യുജിസിയുടെ വാദം. 2018 ലെ റഗുലേഷന് നിഷ്കര്‍ഷിക്കുന്ന യോഗ്യത പ്രിയയ്ക്കില്ലെന്നാണ് യുജിസിയുടെ പക്ഷം.ഹൈക്കോടതി വിധി കാരണം 2018ലെ യുജിസി അസോസിയേറ്റ് പ്രഫസര്‍ നിയമവും വകുപ്പുതന്നെ അപ്രസക്തമാകുന്ന സ്ഥിതിയാണുള്ളതെന്നും യുജിസി അപ്പീലില്‍ പറയുന്നു. റെഗുലേഷനെ പൂര്‍ണമായി ഇല്ലാതാക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.പ്രിയയുടെ നിയമനം ശരിവച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ആവശ്യങ്ങള്‍ പല കേസുകളിലും ഉയരാമെന്നും യുജിസി പറയുന്നു. യുജിസി അപ്പീല്‍ ഈ ആഴ്ച സുപ്രീം കോടതി പണിഗണിച്ചേക്കാനിടയുണ്ട്. കേസിലെ പരാതിക്കാരൻ ജോസഫ് സ്കറിയയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
യുജിസി ഹർജി നൽകും മുൻപു തന്നെ പ്രിയ വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേൾക്കാതെ ഇവയിൽ ഉത്തരവ് പുറപ്പടുവിക്കരുതെന്നു വ്യക്തമാക്കിയാണ് പ്രിയ ഹർജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല. സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമത്തിനുള്ള റാങ്ക് പട്ടികയിൽ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തേ വിധിച്ചത്. ഇതാണു പിന്നീടു ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.