
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയര്‍ന്നു. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2437 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
യുഡിഎഫിനും എല്‍ഡിഎഫിനും വിമതസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് വിമതനായി മത്സരിച്ചത് മുന്‍ കൗണ്‍സിലര്‍ കൂടിയായ എന്‍എ റഷീദാണ്. റഷീദ് 118 വോട്ടു നേടി. യുഡിഎഫിന്റെ വിമതനായി മത്സരിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവായ കിസാന്‍ ഹുസൈനാണ്. 400 ലേറെ വോട്ട് ഹുസൈന് നേടിയിട്ടുണ്ട്. റിബലുണ്ടായിട്ടും വിജയം പിടിച്ചെടുക്കാനായത് യുഡിഎഫിന് ആശ്വാസകരമാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചിരുന്നത്. വിഴിഞ്ഞത്തു കൂടി വിജയിച്ചിരുന്നെങ്കില്‍ 51 സീറ്റ് നേടി ഭരണത്തില്‍ കേവലഭൂരിപക്ഷം ബിജെപിക്ക് ഉറപ്പാക്കാമായിരുന്നു. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ സീറ്റ് കൈമോശം വന്നത് എല്‍ഡിഎഫിനും തിരിച്ചടിയാണ്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പാമ്പാക്കുടയില്‍ എല്‍ഡിഎഫ് വിജയം
സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ സി ബി രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
യുഡിഎഫിന്റെ ജോസ് പി പിയെയാണ് പരാജയപ്പെടുത്തിയത്. നാലു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി എസ് ബാബു മരിച്ചതിനെത്തുടര്‍ന്നാണ് ഓണക്കൂര്‍ വാര്‍ഡിലെ പോളിങ് മാറ്റിവെച്ചത്.
15 വാര്‍ഡുകളുള്ള പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ 9 വാര്‍ഡുകളില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തിലേറിയിരുന്നു. അതിനാല്‍ ഫലം ഭരണത്തെ ബാധിക്കില്ല. എറണാകുളം ജില്ലയില്‍ വോട്ടെടുപ്പ് മാറ്റിവെച്ച ഏക വാര്‍ഡാണ് പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ്.
മൂത്തേടത്ത് യുഡിഎഫിന് വിജയം
സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്ന മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ കൊരമ്പയില്‍ സുബൈദ 222 വോട്ടുകള്‍ക്ക് വിജയിച്ചു.
മൂത്തേടം ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 17 എണ്ണവും യുഡിഎഫ് നേടി. ഒരു വാര്‍ഡില്‍ മാത്രമാണ് ഇടതുമുന്നണി വിജയിച്ചത്. വോട്ടെടുപ്പിന് മൂന്നു ദിവസം മുമ്പ് യുഡിഎപ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് പായിമ്പാടത്തെ വോട്ടെടുപ്പ് മാറ്റിയത്.