തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാരുമായി ചേർന്ന് സമരം ചെയ്യില്ലെന്നും തീരുമാനം മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.കേന്ദ്ര സർക്കാരിനെതിരെ ഫെബ്രുവരി എട്ടിന് ന്യൂഡൽഹിയിൽ നടത്തുന്ന സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി.
കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിൽ പ്രശ്നമുണ്ടെന്നും പ്രതിസന്ധിക്ക് കേരളത്തിനും ഉത്തരാവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുന്നേയാണ് എല്‍.ഡി.എഫ് സമരം പ്രഖ്യാപിച്ചെന്നും അത്തരമൊരു സമരത്തിനോട് സഹകരിക്കേണ്ടതില്ലെന്നുമാണ് യുഡിഎഫ് ഏകോപന സമിതിയുടെ തീരുമാനം. എല്‍ഡിഎഫിന്റെത് രാഷ്ട്രീയ ലക്ഷ്യമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയ ആയുധമാക്കാന്‍ ആണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.
സംയുക്ത സമരത്തിന് ഇല്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. അതേസമയം കേന്ദ്രത്തിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രക്ഷോഭത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നതിനോട് ലീഗടക്കമുള്ള ഘടകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇക്കാര്യം നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചൂവെന്നാണ് വിവരം. ജന്തർ മന്തറിലെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും അണിനിരക്കും. ഇന്ത്യ മുന്നണിയിലെ കക്ഷി നേതാക്കൾക്കും സമരത്തിലേക്ക് ക്ഷണമുണ്ടാകും.