ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവൻ ഹൈടെക് ആകുന്നു. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ ചേർന്ന യുഡിഎഫ് ഉന്നത തല യോഗമാണ് ഇനിയുള്ള തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ മുഴുവനും ഹൈടെക് ആക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 2025 ൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുകളുടെയും,2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേണമെന്നാണ് കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ തീരുമാനമായത്.ഇതിനായി ഒരു വോട്ടർ ഡാറ്റാ ആപ്പ് വികസിപ്പിക്കാനും, അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള പ്രചരണത്തിൽ കൂടുതൽ ശ്രദ്ധയൂന്നാനും യോഗത്തിൽ തിരുമാനമായി. ഏറ്റവും താഴെ തട്ടിൽ നിന്നുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക, യുഡിഎഫിനു കിട്ടാൻ സാധ്യത ഉള്ള എല്ലാ വോട്ടുകളും വോട്ടർ പട്ടികയിൽ ചേർക്കുക, മരിച്ചവരുടെയും നാട്ടിൽ ഇല്ലാത്തവരുടെയും പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കു മുൻതൂക്കം നൽകണമെന്നു കീഴ്ഘടകങ്ങളോട് ആവിശ്യപ്പെടും.
മുന്നണി സ്ഥാനാർഥികൾക്ക് ലഭിക്കാൻ സാധ്യത ഉള്ള വോട്ടുകളിൽ ഒന്ന് പോലും നഷ്ടപ്പെടാതെയിരിക്കാൻ വേണ്ടിയാണ് വോട്ടേഴ്സ് ഡാറ്റാ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായവും ഉപയോഗപ്പെടുത്തും. ഇതിനായി യുഡിഎഫിലേ പാർട്ടികളുമായി അടുപ്പമുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനും തീരുമാനായി.കോൺഗ്രസിലെയും, മുസ്ലിം ലീഗിലെയും പ്രമുഖ നേതാക്കൾ എല്ലാവരും തന്നെ യുഡിഎഫ് കോൺക്ലെവ് എന്ന് വിളിക്കുന്ന മീറ്റിംഗിൽ പങ്കെടുത്തിരുന്നു.ബൂത്ത് ലെവൽ മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിനായി വളണ്ടിയർ സംഘങ്ങൾ രൂപീകരിക്കുക എന്ന നൂതനമായ ആശയവും യോഗം മുന്നോട്ടു വച്ചു. വളണ്ടിയർ സംഘങ്ങൾക്കായുള്ള സാമ്പത്തിക സഹായം യുഡിഎഫ് നേതൃത്വം തന്നെ സംഘടിപ്പിച്ചു നൽകും.
ആസന്നമായ വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചർച്ച ചെയ്തു. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച വൻ ഭൂരിപക്ഷം നിലനിർത്തുകയും അതോടൊപ്പം പാലക്കാട്, ചേലക്കര മണ്ഡലങ്ങൾ പിടിച്ചെടുക്കുകയും വേണം. നിയമസഭാ ഉപതെരഞ്ഞെടുപ്പ്കളിൽ നേട്ടം ഉണ്ടായാൽ 2026ൽ ഭരണ മാറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യ ജനാധിപത്യ മുന്നണി നേതൃത്വമാകെ.തെരഞ്ഞെടുപ്പുകളെ വളരെ ഗൗരവത്തോടെ കാണാൻ തന്നെ യുഡിഎഫ് നേതൃത്വം തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനങ്ങളൊക്കെ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മാത്രമേ യുഡിഎഫ് നേതൃത്വം അനങ്ങാറുള്ളു. എന്നാൽ ഇത്തവണ കളി മാറി. ലോക്കൽ ബോഡി ആകട്ടെ, ഉപതെരഞ്ഞെടുപ്പുകളാകട്ടെ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യമേ തെരഞ്ഞെടുപ്പുകൾക്ക് പിന്നിൽ ഉണ്ടാകാൻ പാടുള്ളു എന്ന നിർബന്ധ ബുദ്ധിയാണ് മുന്നണിക്കുള്ളത്. കോൺഗ്രസും ആ പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയും കേരളത്തിൽ നില നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകളാണ് ഇനി വരാൻ പോകുന്നതെന്നു യുഡിഎഫ് നേതൃത്വത്തിനു നന്നായി അറിയാം.