തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെപ്തംബർ നാല് പുതൽ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റബ്ബർ ഉൾപ്പെടെ എല്ലാ കാർഷിക മേഖലയും വലിയ തകർച്ചയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ദേവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം റോഡിലേയ്ക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് ഒരു നിർദേശവും മുന്നോട്ട് വയ്ക്കാനില്ല. വ്യാജ സർട്ടിഫിക്കറ്റും വ്യാജ കോഴ്സുകളും വ്യാജ പിഎച്ച്ഡിയുമൊക്കെയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദയനീയമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഫുൾ എപ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടാതെ വലയുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 3500 കോടിയുടെ കടമാണ്. കെഎസ്ആർടിസിയ്ക്കുണ്ടായ അതേ സ്ഥിതി സപ്ലൈക്കോയ്ക്കും ഉണ്ടാകാൻ പോവുകയാണ്. ‘- വി ഡി സതീശൻ പറഞ്ഞു.
‘കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് തകരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒരു ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. റേഷൻ വിതരണം സ്തംഭിച്ചു. രൂക്ഷമായ വിലക്കയറ്റത്തിലും സർക്കാർ ഇടപെട്ടില്ല. അതുകൊണ്ട് റേഷൻ കട മുതൽ സെക്രട്ടേറിയറ്റ് വരെ യുഡിഎഫിന്റെ സമരം സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. സെപ്തംബർ നാലാം തീയതി മുതൽ പതിനൊന്നാം തീയതി വരെ എല്ലാ പഞ്ചായത്തിലും കോർപ്പറേഷൻ തലത്തിലും ഈ സർക്കാരിന്റെ അഴിമതിയ്ക്കെതിരായി ഞങ്ങൾ കാൽനട പ്രചരണ ജാഥ ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കും. 25000 വോളണ്ടിയർമാർ ഇതിൽ പങ്കെടുക്കും.’- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.