തൃശൂര്‍ : പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും, തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടു. വിഡി സതീശന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്‍വറിനോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
സിപിഎം- ബിജെപി കൂട്ടുകെട്ട് തകര്‍ക്കാന്‍ ഒപ്പം നില്‍ക്കണമെന്നാണ് യുഡിഎഫ് അന്‍വറിനോട് അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സമാന മനസ്കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യുഡിഎഫ് വ്യക്തമാക്കി. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് അറിയിച്ചെന്നും പി പി അന്‍വര്‍ സൂചിപ്പിച്ചു. മതേതര ചേരികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് താന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അന്‍വര്‍ വിശദീകരിച്ചു.
അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ പാര്‍ട്ടി ടിക്കറ്റില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീറാണ് ചേലക്കരയില്‍ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാര്‍ഥി. വയനാട് പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ പി വി അന്‍വറിന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്.