തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നുരാവിലെ ആറിന് തുടങ്ങി. ഉച്ചയ്ക്ക് 12 വരെയാണ് ഉപരോധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെ മറ്റു മൂന്നു ഗേറ്റുകളും ഉപരോധിക്കും. അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പത്തുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് മുൻനിര നേതാക്കളടക്കം പങ്കെടുക്കും.
‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ’ സമരത്തിന്റെ ഭാഗമായാണ് ഉപരോധം. വിലക്കയറ്റം, അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷകരോടുള്ള അവഗണന, ക്രമസമാധാന തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. ഉപരോധം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വോളന്റിയർമാരുടെ ബാഡ്ജ് അടക്കം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചത്. പേപ്പർ ഗ്ലാസുകളും ഭക്ഷണ പ്ലേറ്റുകളും ഉപയോഗശേഷം വോളന്റിയർമാർ തന്നെ നീക്കം ചെയ്യും.