തിരുവന്തപുരം : മലയോര മേഖലയിലെ യുഡിഎഫ് എംഎല്‍എമാര്‍ നാളെ വനം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭയുടെ മുന്നില്‍ നിന്നും മന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച്. വയനാട്ടിലെ വന്യമൃഗഭീതിക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച്. രാവിലെ ഏഴരയ്ക്കാണ് മാര്‍ച്ച്.
കഴിഞ്ഞ വര്‍ഷം ഒന്‍പത് മാസത്തിനിടെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. 2016 മുതല്‍ 909 പേരാണ് മരിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത അവസ്ഥയാണ്. ഈ ഭീതിതമായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ എങ്ങനെ സ്കൂളില്‍ പോകും. ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇനിയെങ്കിലും നിഷ്ക്രിയത്വം വെടിയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടു.
വിഷയത്തെ ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. ഇതിനിടെ, വയനാട്ടില്‍ നാളെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി വന്യജീവികള്‍ ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടി കര്‍ഷക സംഘടനകകള്‍ സമരരംഗത്തുണ്ട്.