മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.
മൂന്നാം സീറ്റിൽ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിർണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തിൽ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഫോൺ വഴി ചർച്ചകൾ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.
ഓരോ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയരാറുണ്ട്. ഇത്തവണയും വിവാദം ശക്തമാണ്. ലീഗിലെ പ്രബലരായ നേതാക്കളില്‍ പലരും സ്വപ്നം കാണുന്ന മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് വര്‍ഷങ്ങളായി തങ്ങളുയര്‍ത്തുന്ന മൂന്നാം സീറ്റ് എന്ന ആവശ്യം ഇനിയും അംഗീകരിക്കാത്ത കോണ്‍ഗ്രസിനൊപ്പം ഇനിയും തുടരേണ്ടതുണ്ടോ എന്ന തരത്തിലുള്ള വികാരം അണികള്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
അതിനിടെ ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്ലിം ലീഗുമായുള്ള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കെ. മുരളിധരന് എംപിയും ആവശ്യപ്പെട്ടു. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വിജയ സാധ്യതയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.