കൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ ആരോപണവിധേയനായ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ഗണേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരത്തെ എംഎല്‍എ ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി.കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യുഡിഎഫിന്റെ വിവിധ ഘടകകക്ഷികളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് എത്തിയത്. നെടുമ്പുറം ജംഗ്ഷനില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എംഎല്‍എ ഓഫീസിന് 200 മീറ്റര്‍ അകലെവച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.
പ്രതിഷേധ മാർച്ച് യുഡിഎഫ് കൺവീനർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുൻപുതന്നെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ ശാന്തരായില്ല. മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തി വീശി.