ആലപ്പുഴ: കുട്ടനാട് താലൂക്ക് തല അദാലത്തിലേക്ക് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ പങ്കെടുക്കുന്ന അദാലത്ത് നടക്കുന്ന കുട്ടനാട് താലൂക്ക് ഓഫീസിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. റോഡ് ഉപരോധിച്ച കൊടിക്കുന്നിലിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു നീക്കി.
അറസ്റ്റ് ചെയ്ത് രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തിച്ച കൊടിക്കുന്നിൽ സുരേഷിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. യുഡിഎഫ് നേതാക്കൾക്കു പരി ക്കേറ്റു. കൊടിക്കുന്നിലിനെ പൊലീസ് പിടിച്ചു തള്ളി. ഉന്തിലും തള്ളിലും പെട്ട് അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായർ താഴെ വീണു കൈക്കു പരിക്കേറ്റു. നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞപ്പോൾ സമരക്കാർ തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്നു പൊലീസ് ലാത്തി വീശി.
നാലുമാസം മുൻപ് കുട്ടനാട്ടിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും കർഷകർക്ക് നൽകിയിട്ടില്ലെന്നാണ് ആരോപണം. 700 കോടി രൂപ കുടിശികയാണെന്നും പണം നൽകാത്തതിനാൽ കർഷകരെല്ലാം സാന്പത്തിക പ്രതിസന്ധിയിലാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ്, മണ്ഡലം പ്രസിഡന്റ് ജോഷി കൊല്ലാറ തുടങ്ങിയവർക്കു പരിക്കേറ്റു. ഇവരെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ചു കൊടിക്കുന്നിലും യുഡിഎഫ് പ്രവർത്തകരും എസി റോഡ് ഉപരോധിച്ചു . ഇതേത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.