കൊച്ചി : വിവാദങ്ങള്‍ക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 ന് കളമശ്ശേരിയിലാണ് യോഗം. പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന തീരദേശ ജാഥയുടെ സമയക്രമം തീരുമാനിക്കലാണ് പ്രധാന അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മലയോര ജാഥയുടെ അവലോകനവും യോഗത്തിലുണ്ടായേക്കും.
എന്നാല്‍ ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കില്ലെന്നാണ് സൂചന. അതേസമയം തരൂര്‍ വിവാദം യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന ആശങ്ക ചില ഘടകകക്ഷികള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും. തരൂര്‍ വിവാദത്തില്‍ പരസ്യപ്രതികരണങ്ങളില്‍ നിന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഹൈക്കമാന്‍ഡ് വിളിച്ച സംസ്ഥാന നേതാക്കളുമായിട്ടുള്ള ചര്‍ച്ച ഇന്ന് ആരംഭിക്കും. അസം അടക്കമുള്ള സംസ്ഥാന നേതാക്കളുമായിട്ടാണ് ഇന്ന് ചര്‍ച്ച. കേരളത്തിലെ നേതാക്കളുമായിട്ടുള്ള ചര്‍ച്ച നാളെയാണ്. പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും അടക്കം സംബന്ധിക്കും.