തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി ചേലക്കാട് വാർഡിൽ എൽ.ഡി.എഫ് സീറ്റിൽ യു.ഡി എഫിന് ജയം. കോട്ടയം തലനാട് സീറ്റ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. ഇടുക്കി കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ എഎപി ജയിച്ചു.
എറണാകുളം ജില്ലയിൽ രണ്ടു പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റുകൾ നിലനിർത്തി. രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ആൻ്റോസ് പി സ്കറിയയും വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ബിനിത പീറ്ററുമാണ് ജയിച്ചത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷൻ 24 എൽഡിഎഫ് സ്ഥാനാർഥിക്ക് മുന്നേറ്റം. സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം സി അബ്ദുൾ ഖാദർ 9967 വോട്ടുകൾക്കാണ് മുന്നിട്ടുനിൽക്കുന്നത്. 17906 വോട്ടുകളാണ് അബ്ദുൾ ഖാദർ നേടിയത്. ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷൻ അംഗമായിരുന്ന പി കെ സുധാകരന്റെ നിര്യാണത്തെതുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. എം പി പ്രേംകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയ്ക്കുവേണ്ടി എൻ മണികണ്ഠൻ മത്സരിക്കുന്നു. കഴിഞ്ഞ തവണ പി കെ സുധാകരൻ 10,733 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം. 173 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 553 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി സി അര്‍ച്ചനയ്ക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥി കൃഷ്ണകുമാരിയ്ക്ക് 380 വോട്ടും ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി എസ് രാധികയ്ക്ക് 94 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 172 വോട്ട് ലഭിച്ചിരുന്നു.പഞ്ചായത്ത് രൂപീകൃതമായത് മുതല്‍ എല്‍ഡിഎഫ് ജയിച്ചിരുന്ന വാര്‍ഡില്‍ ആദ്യമായിട്ടാണ് ബിജെപിയ്ക്ക് സീറ്റ് ലഭിക്കുന്നത്.
ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ ബിജെപി നിലനിർത്തി. 1452 വോട്ടുകൾക്കാണ് ബിജെപിയുടെ സുജന്യ ഗോപി വിജയിച്ചത്. ബിജെപി- -2672 വോട്ടുകൾ നേടി. യുഡിഎഫ് സ്ഥാനാർഥി കെ എസ് സുനിൽ കുമാർ -1220 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി- കെ കെ ഓമനക്കുട്ടൻ 1047 വോട്ടുകളും നേടി.കൗൺസിലറായിരുന്ന ബിജെപിയുടെ ടി ഗോപി അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്.
കായംകുളം നഗരസഭ 32-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സന്തോഷ് കണിയാംപറമ്പിൽ (469) വിജയിച്ചു. എൽഡിഎഫിന്റെ ടി എ നാസർ (282) രണ്ടാമതായി. യുഡിഎഫിന്റെ ടെൻസി അജയൻ (186) മൂന്നാമതായി. ബിജെപിയിലെ അശ്വനി ദേവ് അപകടത്തെത്തുടർന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് ജില്ലയിൽ ആറിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ 24 വാണിയംകുളം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 6 കണ്ണോട്, ഒറ്റപ്പാലം നഗരസഭ വാർഡ് 7 പാലാട്ട് റോഡ്, പട്ടിത്തറ പഞ്ചായത്ത് വാർഡ് 14 തലക്കശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്ത് വാർഡ് 11 പള്ളിപ്പാടം, വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് 6 അഞ്ചുമൂർത്തി എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്.
വടക്കഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് അഞ്ചുമൂർത്തി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ്കുമാർ 325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പട്ടിത്തറ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ മുഹമ്മദ് വിജയിച്ചു. മലമ്പുഴ ബ്ലോക്ക് കണ്ണോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി പ്രത്യുഷ് കുമാർ 1500വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. തിരുമിറ്റക്കോട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി എം കെ റഷീദ് തങ്ങൾ വിജയിച്ചു.
ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡ് ഏഴാം വാർഡിൽ ബിജെപി സ്ഥാാർഥി പി സഞ്ചുമോൻ വിജയിച്ചു.14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 11 ഉം യുഡിഎഫിന്റെ 10 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകളാണ് ഇവിടെയുള്ളത്. രണ്ടെണ്ണം സ്വതന്ത്ര സിറ്റിംഗ് സീറ്റുകളാണ്.
രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഫലം www.sec.kerala.gov.in ലെ TREND ൽ ലഭ്യമാകും. 114 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 47 പേർ സ്ത്രീകളാണ്. 72.71 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.