മുംബൈ : ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ. മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടാനാണ് ബാല്‍താക്കറെ പാര്‍ട്ടി സ്ഥാപിച്ചതെന്നും താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നടന്ന റാലിയിലായിരുന്നു ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയെ വ്യാജ ശിവസേനയെന്ന് മോദി വിളിച്ചത്. ഇന്ത്യാസഖ്യത്തിലുള്ള ഡിഎംകെ സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ നടക്കുകയാണ്. അവര്‍ സനാതന ധര്‍മ്മത്തെ മലേറിയയോടും ഡെങ്കിയോടുമാണ് താരതമ്യം ചെയ്യുന്നത്. കോണ്‍ഗ്രസും വ്യാജ ശിവസേനയും ഇത്തരം ആളുകളെ മഹാരാഷ്ട്രയിലെ റാലികള്‍ക്ക് വിളിക്കുന്നുവെന്നുവെന്നും മോദി പറഞ്ഞു.
താക്കറെ കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടിവിട്ട് ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുകയായിരുന്നു. ഇതോടെ ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. തുടര്‍ന്ന് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് ശിവസേന മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യം മൂന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.