മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് വിവരം. ചില ഐപിഎൽ ടീമുകൾ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം നൽകിയതായാണ് വിവരം. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു. തെരഞ്ഞെടുപ്പ് തീയതി കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ഏപ്രിൽ പകുതിയോടെയോ അവസാനത്തോടെയോ തെരഞ്ഞെടുപ്പുണ്ടാകാനാണ് സാധ്യത. മെയ് അവസാനത്തോടെ മാത്രമേ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുകയുള്ളൂ. അതേസമയം 22ന് തുടങ്ങുന്ന ഐപിഎല്ലിന്റെ ഫൈനൽ മെയ് അവസാനത്തോടെ നടത്താനാണ് സാധ്യത. അതിനാൽ ഇന്ത്യയിൽ പരമാവധി മത്സരങ്ങൾ നടത്തി രണ്ടാം ഘട്ടം യുഎയിൽ നടത്തിയേക്കും. നിലവിൽ ഏപ്രിൽ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ ഷെഡ്യൂൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനോട് ഫ്രാഞ്ചൈസികൾക്കും ആരാധകർക്കും ഒരുപോലെ എതിർപ്പാണുള്ളത്. സ്റ്റേഡിയത്തിലെ വരുമാന നഷ്ടവും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും നഷ്ടമാകുമെന്നാണ് ഫ്രാഞ്ചൈസികളുടെ ആശങ്ക. ഇന്ത്യയിൽ കളിച്ച താരങ്ങൾ വേദി മാറ്റി യുഎഇയിൽ എത്തിയപ്പോൾ ഫോം നഷ്ടപ്പെട്ടത് ആരാധകരുടെയും മനസ്സിലുണ്ട്.
മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ നേരിടും. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
2009ൽ പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020ലെ ഐപിഎൽ ടൂർണമെന്റിന് യുഎഇ വേദിയായി. ദുബായ്, അബുദാബി, ഷാർജ എന്നിവയായിരുന്നു മത്സരങ്ങളുടെ വേദി. 2014ലും തെരഞ്ഞെടുപ്പ് പ്രമാണിച്ച് മത്സരങ്ങൾ യുഎഇയിൽ നടത്തിയിരുന്നു. കഴിഞ്ഞ സീസണിലുണ്ടായിരുന്ന പത്തു ടീമുകൾ തന്നെയാണ് ഇത്തവണയും ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.